എന്റെ കളികൂട്ട്‌കാരൻ
ആറ് വയസ്സ് പ്രായമുള്ളപ്പോളാണ് എന്റെ അച്ഛൻ എനിക്കൊരു പുതിയ കളിക്കൂട്ട്‌കാരനെ കൊണ്ട് വന്നത്. ആദ്യമായ് ഒരു കൂട്ടുകാരനെ കിട്ടിയ സന്തോഷം കൊണ്ടാണോ അച്ഛൻ തന്ന സമ്മാനം ആയത് കൊണ്ടോ...എനിക്ക് എന്റെ പുതിയ കൂട്ടുകാരനെ ഒരുപാട് ഇഷ്ടമായി.
എന്നെന്നും കൂടെ ഉണ്ടാകും എന്ന് അച്ഛൻ തന്ന ഉറപ്പ് എന്റെ കുഞ്ഞു മനസ്സിൽ അവനുള്ള സ്ഥാനം ഊട്ടി ഉറപ്പിച്ചു.
ഞങ്ങളുടെ വീട്ടുവളപ്പിൽ തന്നെ അവനുള്ള താമസ സൗകര്യം തയാറാക്കി.
അവനുള്ള ഭക്ഷണവും വെള്ളവും കൃത്യമായി അച്ഛൻ എനിക്ക് പറഞ്ഞ് തന്നു. മുറ തെറ്റാതെ ഞാൻ അത് നിർവഹിച്ചു.
രാവിലെ ഉണർന്ന് പല്ല്തേച്ചയുടൻ ഓടുന്നത് അവന്റെ അരികിലേക്ക് അണ്.
അവൻ കുളിച്ച് തീരും വരെ അവനോടൊപ്പം നിൽക്കും.
ഞാൻ കുളിക്കാൻ പോകുന്നതിനു മുൻപ് തന്നെ അവനുള്ള ഭക്ഷണവും എത്തിച്ചിരിക്കും.
ആദ്യമൊക്കെ കൗതുകമായിരുന്നു. പിന്നീട് ദിനചര്യയുടെ ഭാഗമായി.
സ്കൂൾ വിട്ട് ഓടി വരുന്നത് അവന്റെ അടുത്തേക്ക് ആയിരിക്കും. പിന്നെ അവനുമായുള്ള കുസൃതികളും കളികളും ആണ്.
സന്ധ്യക്ക് അമ്മയുടെ വഴക്ക് കേൾക്കുന്ന വരെ കളി തുടരും. പിന്നെ പോയി കുളിച്ച് നാമം ചൊല്ലും. കുറച്ച് നേരം പഠനം. വീണ്ടും മനസ്സ് പറഞ്ഞ് തുടങ്ങും അവന്റെ അടുത്തേക്ക് ഓടിച്ചെല്ലാൻ.
കാലങ്ങൾ കടന്നു പോയി. എനിക്ക് പ്രായം കൂടുന്നതിനൊപ്പം അവനും പ്രായമേറി വന്നു.
ഞാൻ കരയുമ്പോൾ എന്നോടൊപ്പം അവനും കരഞ്ഞു. കണ്ണീരൊപ്പാൻ ചെറു കാറ്റ് പോലെ അവൻ എന്റെ അരികിൽ വരുമായിരുന്നു.
സന്തോഷത്തിൽ എന്നോടൊപ്പം ആർത്തു ചിരിച്ചു.
എനിക്ക് അവൻ കൂട്ടുകാരൻ ആയിരുന്നെങ്കിൽ എന്റെ കുട്ടികൾക്ക് അവൻ അവധികാലത്ത് ഊഞ്ഞാലാട്ടാനുള്ള തോഴൻ ആയിരുന്നു.
വർഷങ്ങൾ കടന്നുപോയി. എന്റെ മക്കൾ വളർന്നു. എനിക്ക് പേരകുട്ടികളായ്.
അവസാന ശ്വാസം വലിക്കുമ്പോളും എന്റെ അരികിൽ അവൻ വന്നിരുന്നു. പഴയ ഓർമകൾ പുതുക്കി. എന്റെ നെറ്റിയിൽ ഒരു ഉമ്മ നൽകി.
പയ്യെ എന്റെ കണ്ണുകൾ അടഞ്ഞു.ഇനി ഒരിക്കലും ഉണരാത്ത നിദ്രയിലേക്ക് ഞാൻ വീണു. കൂട്ട കരച്ചിൽ ഉയർന്നു. അവനും കരഞ്ഞിരിക്കണം. ഞാൻ മരിച്ചത്കൊണ്ടും അവന്റെ അന്ത്യം അടുത്തു എന്ന് അറിഞ്ഞതിനാലും.
എന്റെ മക്കൾ ചർച്ചയിലാണ്. എന്റെ ശരീരം ദഹിപ്പിക്കാൻ അവനെ ഉപയോഗിക്കാൻ പോകുന്നു. തെക്കേ തൊടിയിലെ മാവ് തന്നെ വേണമല്ലോ.എന്നോടൊപ്പം അവനും എരിഞ്ഞ് അടങ്ങുന്നു.
വർഷങ്ങൾക്ക് മുൻപ് അച്ഛൻ എനിക്ക് നൽകിയ മാവിന്റെ തയ്യ്. ഇന്ന് എന്നെ എരിക്കാൻ അവൻ തന്നെ വേണ്ടി വന്നു.
ജീവിതത്തിൽ അവൻ കൂടെ ഉണ്ടായി മരണത്തിലും.
- നന്ദു നാരായണൻ

Comments
Post a Comment